പത്തനംതിട്ട:ജില്ലയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേർക്ക് രോഗം ഭേദമായി.റാന്നി സ്വദേശികൾക്കും ഇവരുടെ അടുത്ത രണ്ട് ബന്ധുക്കൾക്കുമാണ് രോഗം ഭേദമായത്. ഇവരുടെ രോഗമുക്തി ആശ്വാസകരമാണെങ്കിലും ജില്ലയിൽ കടുത്ത ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു.മാർച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ച ഇവർ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ത്തനംതിട്ട ജനറൽ ആശുപത്രി,കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ ആയിരുന്നു.ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്.ഇവരുടെ കോണ്ടാക്റ്റിൽ നിന്നും അസുഖം ബാധിച്ച നാല് പേർക്ക് കൂടി ഇനിയും രോഗം ഭേഭമാകാനുണ്ട്. ഇതിൽ റാന്നി സ്വദേശിയുടെ വൃദ്ധമാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ പത്തനംതിട്ടയിലുമാണ് ചികിത്സയിലുള്ളത്. ഇത് കൂടാതെ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മൂന്ന് പേർ കൂടിയാണ് ജില്ലയിൽ രോഗ ബാധ സ്ഥിരീകരിച്ച് ഐസോലേഷൻ വാർഡിൽ കഴിയുന്നത്.നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി 20 പേർ ഐസലേഷനിൽ ഉണ്ട്. വിദേശത്ത് നിന്ന് എത്തിയ 3935 പേരുൾപ്പെടെ 7873 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.