കണ്ണൂർ:അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക.ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. പച്ചക്കറികളുമായി എത്തിയ അൻപതോളം ലോറികളാണ് മാക്കൂട്ടത്ത് കുടുങ്ങിക്കിടക്കുന്നത്.കര്‍ണാടകയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തതിനാല്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരേണ്ടതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിര്‍ദേശിച്ചു.എന്നാൽ മുത്തങ്ങയില്‍ എത്തിയ നൂറിലേറെ ലോറികളും കര്‍ണാടക തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.നീതികരിക്കാനാകാത്ത പ്രവര്‍ത്തിയാണ് കര്‍ണാടയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. കേരള ചീഫ് സെക്രട്ടറി കര്‍ണാടക അധികൃതരുമായി വീണ്ടും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.