കൽപ്പറ്റ:വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു.വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും സമ്പർക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.നിലവില്‍ പ്രത്യേക കൊവിഡ് സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.ദുബായിലെ ദേരയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഈ മാസം 22 ന് പുലര്‍ച്ചെ എത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 254 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് പ്രീപ്പെയ്ഡ് ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങി.എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പനി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഇയാൾ വീട്ടിലെത്തുമ്പോഴേക്കും കുടുംബത്തെ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.23ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കായി നല്‍കി. ഫലം വന്ന ഇന്നലെ വരെ ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു.അതേസമയം ഇയാള്‍ക്കൊപ്പം വിമാനത്തില്‍ ജില്ലയിലെത്തിയ അഞ്ച് പേരും നിലവില്‍ നിരീക്ഷണത്തിലാണ്.രോഗിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയത്.