Kerala, News

കണ്ണൂരിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍;ഇവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

keralanews nine confirmed with corona virus in kannur are from dubai and their route map will release today

കണ്ണൂര്‍:ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍. ഇവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്ന് പ്രസിദ്ധീകരിക്കും.പുതുതായി രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ സ്വകാര്യ ബസിലും മറ്റും യാത്രചെയ്തിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു.ഈ മാസം 22ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 564 വിമാനത്തിലെത്തിയ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോട്ടയംപൊയില്‍ സ്വദേശികളും ഒരാള്‍ കതിരൂര്‍ സ്വദേശിയുമാണ്.ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.മാര്‍ച്ച്‌ 20ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. പതിനാല് പേരടങ്ങുന്ന ഒരു സംഘമായാണ് ഇവര്‍ വന്നത്. സംഘത്തിലെ മറ്റൊരാള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.ബംഗളൂരുവില്‍ നിന്ന് കേരള അതിര്‍ത്തിയായ കൂട്ടുപുഴ വരെ വാനിലും പിന്നീട് സ്വകാര്യ ബസിലുമാണ് സംഘം യാത്ര ചെയ്തത്.കിളിയന്തറ ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കിടെ ഇവര്‍ ഉദ്യോഗസ്ഥരോടും മാധ്യമ പ്രവര്‍ത്തകരോടും തട്ടിക്കയറിയിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമടക്കം നാല്‍പതോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എഐ 938 വിമാനത്തില്‍ മാര്‍ച്ച്‌ 17നെത്തിയ തലശ്ശേരി സ്വദേശിയും മാര്‍ച്ച്‌ 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേര്‍. മാര്‍ച്ച്‌ 18ന് സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 54 എന്ന വിമാനത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

Previous ArticleNext Article