തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കാസര്‍കോട് ആറുപേർക്കും, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.
അതേസമയം രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം.ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര് പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. വില കൂട്ടിവില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ട്. അത് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടിയുണ്ടാകും.കുറച്ച് കാശ് മോഹിച്ച് ഇതുപോലെ കാര്യങ്ങള്‍ ചെയ്താല്‍ വലിയ വിഷമം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.