തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വില്പന താല്‍ക്കാലികമായി നിര്‍ത്തുന്നു. കൊവിഡ് 19യുടെ സംസ്ഥാനത്ത് പടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച മുതലുള്ള എല്ലാ ടിക്കറ്റുകളുടെയും വില്പന നിര്‍ത്തുന്നത്.അതേസമയം വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം.മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. അതേസമയം, ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ റാദ്ദാക്കിയിട്ടുണ്ട്.വിൽപനയും നറുക്കെടുപ്പും നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ഏജന്റുമാർക്ക് 1,000 രൂപ താൽക്കാലിക സഹായമായി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ക്ഷേമനിധി ബോർഡിന് സർക്കാർ ഇത് സംബന്ധിച്ച് നിർദേശം നൽകി. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോട്ടറി വിൽപ്പന കുത്തനെ കുറഞ്ഞിരുന്നു. നറുക്കെടുപ്പ് നിർത്തിവെക്കണമെന്ന് വ്യാപാരികൾ ഉൾപ്പടെ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.