കാസര്‍കോട്: ജില്ലയില്‍ ഏറ്റവുമൊടുവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ രണ്ട് എംഎല്‍എമാര്‍ സ്വയം ഐസൊലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്.ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എം.എല്‍.എമാര്‍ തീരുമാനിച്ചത്. ഇരുവരും കോവിഡ് ബാധിതനായ വ്യക്തി ഉള്‍പ്പെട്ട വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോവിഡ് ബാധ സ്ഥിതീകരിച്ച വ്യക്തിയെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ കണ്ടത് വഴിയില്‍ വച്ചാണ്.കാറില്‍ പോകുമ്പോൾ കൈ കാണിച്ചപ്പോള്‍ നേരത്തേ പരിചയമുള്ള ആളായതിനാല്‍ വാഹനം നിര്‍ത്തി. അവിടെ വച്ച് ഖമറുദ്ദീനുമായി ഇദ്ദേഹം കൈ കൊടുക്കുകയും ഫോട്ടോ എടുക്കുകയും അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു വിവാഹച്ചടങ്ങിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലിനെ രോഗി കാണുന്നതും സംസാരിക്കുന്നതും.മാർച്ച് പതിനൊന്നാം തീയതി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തി വിമാനമിറങ്ങിയത്. ദുബായില്‍ നിന്ന് മടങ്ങിയെത്തുകയായിരുന്നു. അന്ന് കോഴിക്കോട് ഒരു ഹോട്ടലില്‍ ഇദ്ദേഹം തങ്ങി. പിന്നീട് പന്ത്രണ്ടാം തീയതി മാവേലി എക്സ്പ്രസില്‍ കാസര്‍കോട്ടേക്ക് വന്നു.12 ആം തീയതി മുതല്‍ 17 ആം തീയതി വരെ ഇദ്ദേഹം കാസര്‍കോടുണ്ടായിരുന്നു. ഇതിനിടെ പല പൊതുപരിപാടികളിലും രോഗി പങ്കെടുത്തിട്ടുണ്ട്. രണ്ട് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു, ഒരു ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്.