Kerala, News

കോവിഡ് 19: സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം;രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഈ മാസം

keralanews covid19 chief minister announces package of 20000crore rupees free ration for one month for all two months of social security pensions this month

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍.ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 25 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചു. ഇത് സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കും.സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും. സംസ്ഥാനത്താകെ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും.കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും.ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കുള്ള ഫിറ്റ്‍നസ് ചാര്‍ജില്‍ ഇളവ് നല്‍കും. അടുത്ത മൂന്ന് മാസം നല്‍കേണ്ട നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴ കൂടാതെ അടക്കാന്‍ ഒരു മാസത്തെ ഇളവ് അനുവദിച്ചു. എന്‍റെര്‍ടെയിന്‍മെന്‍റ് ടാക്സില്‍ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ഘട്ടത്തില്‍ സേനാ വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് അഭ്യര്‍ഥിച്ചു. സേനകളുടെ ആശുപത്രി സൗകര്യം അടിയന്തര സാഹചരത്തിൽ വിട്ടു നൽകുമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റാന്‍ ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളും വിട്ട് നല്‍കാന്‍ തയ്യാറാണെന്നും സേന അറിയിച്ചിട്ടുണ്ട്. താത്ക്കാലിക ആശുപത്രികള്‍ക്ക് ആവശ്യമായ സഹായം സേനാവിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയെ നേരിടാന്‍ നമുക്ക് എല്ലാവര്‍ക്കും ഒരു മനസ്സാണ്. ഈ സാഹചര്യത്തില്‍ ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article