India, News

കൊറോണ വൈറസ്;മാര്‍ച്ച് 22ന് രാജ്യത്ത് ‘ജനതാ കർഫ്യൂ’;രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ ആരും പുറത്തിറങ്ങരുത്

keralanews corona virus modi announces public curfew in the country on 20th march no one should leave the house between 7am and 9pm

ന്യൂഡല്‍ഹി:കോവിഡ് 19 വൈറസ് ബാധയ്ക്കെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി മാര്‍ച്ച്‌ 22 ഞായറാഴ്ച രാജ്യത്ത് ജനതാ കര്‍ഫ്യു.അന്നു രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീടിനു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.ഇന്നലെ രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിലാണു മോദി ഈ അഭ്യര്‍ഥന നടത്തിയത്.ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണയായി ഒരു ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ ലോകത്തെ അകെ അപകടത്തിലാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കരുതലോടെയിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമഹായുദ്ധകാലത്ത് നേരിടാത്ത പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത പൂര്‍ണമായും തെറ്റാണെന്ന് മോദി പറഞ്ഞു.മാർച്ച് 22 ന് വൈകുന്നേരം അഞ്ചു മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനും മോദി അഭ്യര്‍ഥിച്ചു.അഞ്ചു മിനിറ്റ് നേരം ലോഹപാത്രങ്ങള്‍ തമ്മിലടിച്ചോ കൈയടിച്ചോ ആകാം കോവിഡിനെതിരേ പോരാടുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റുള്ളവരെയും ആദരിക്കല്‍. ജനതാ കര്‍ഫ്യുവിന്‍റെ പ്രചാരം ഓരോ പൗരനും ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സാമൂഹ്യ അകലം പാലിക്കലാണു രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അത്യാവശ്യമില്ലാത്തവര്‍ വീടിനു പുറത്തുപോകരുത്. 65 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും നിര്‍ബന്ധമായും ഇക്കാലത്തു വീടുകളില്‍ തന്നെ കഴിയണം. വൈറസ് വ്യാപനത്തെ അത്യന്തം കരുതലോടെ നേരിടണം. സ്വയം രോഗബാധിതരാവില്ലന്ന് പ്രതിജ്ഞയെടുത്ത് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. ഒരു പൗരനും ലാഘവത്തോടെ കോവിഡ് ബാധയെ സമീപിക്കരുത്. ലോകമാകെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മെല്ലെ തുടങ്ങി അതിവേഗം പടരുന്ന കാഴ്ചയാണ് കാണുന്നതെന്നും മോദി പറഞ്ഞു.വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ അടിയന്തര നടപടി എടുത്ത രാജ്യങ്ങള്‍ക്ക് മാത്രമാണ് രോഗത്തെ നേരിടാനായത്. അലസതയോടെ ആരും വൈറസ് വ്യാപനത്തെ സമീപിക്കരുത്. കൊറോണയ്ക്ക് ഇതുവരെ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൂടിപ്രതിരോധിക്കണമെന്നും മോദി പറഞ്ഞു.

Previous ArticleNext Article