India, News

നിർഭയയ്ക്ക് നീതി;നാലു പ്രതികളെയും തൂക്കിലേറ്റി

keralanews justice for nirbhaya all four accused were hanged

ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി.പ്രതികളായ അക്ഷയ് താക്കൂർ,പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് ഇന്ന് പുലർച്ചെ 5.30 തീഹാർ ജയിലിൽ വെച്ച് നടപ്പിലാക്കിയത്.രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. പ്രത്യേക തൂക്ക് തട്ട് തയ്യാറാക്കിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. ഒരു ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയുള്ള ഹരജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേട്ടെന്ന അപൂര്‍വതയും ഇതിലൂടെ രാജ്യത്ത് നടന്നു. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച്‌ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.പെൺകുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർമാണങ്ങൾക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു. 2012 ഡിസംബർ 29 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളില് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തീഹാർ ജയിലിൽ വെച്ച്‌ മരിച്ചിരുന്നു.

Previous ArticleNext Article