ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെന്‍റ സത്യപ്രതിജ്ഞ. ഗൊഗോയി സത്യപ്രതിജ്ഞക്കായി എത്തുമ്പോൾ “ഇതു നാണക്കേടെന്ന്” കോണ്‍ഗ്രസിെന്‍റ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.നാല് മാസം മുൻപാണ് സുപ്രീംകോടതിയില്‍ നിന്ന് ഗൊഗോയി വിരമിച്ചത്.ബാബറി മസ്ജിദ് ഉള്‍പ്പടെയുള്ള കേസുകളില്‍ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിെന്‍റ വിരമിക്കല്‍. ഇതിന് പിന്നാലെ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നിര്‍ദേശിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി.അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു. ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കുകയുണ്ടായി.