ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനാണിത്. ഒരു വര്‍ഷത്തിനകം എല്ലാ മൊബൈല്‍ കണക്ഷനുകളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഇതിനകം 100 കോടി പിന്നിട്ടു. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ അടക്കമുള്ള എല്ലാ വരിക്കാരും നിര്‍ബന്ധമായും സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.
ലോക് നീതി ഫൗണ്ടേഷന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.മൊബൈല്‍ ഫോണ്‍ വരിക്കാരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.