പത്തനംതിട്ട:പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ പിബി നൂഹ് പറഞ്ഞു.കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരും അധികാരികളും നെട്ടോട്ടമോടുമ്പോൾ സഹകരിക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ക്ക് എതിരെ കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ആശുപത്രിയിലെ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയിൽ നിന്ന് ഒളിച്ചോടിയത്. വെച്ചൂച്ചിറ സ്വദേശിയായ ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത് ആശുപത്രിയില്‍ നിന്ന് ആരോടും പറയാതെ ഒളിച്ചുകടന്ന ഇയാള്‍ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉള്‍പ്പെടെ ബോധവത്കരണം നടത്തുമെന്നും കളക്ടര്‍ വിശദീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന നടപടി ഇന്ന് പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇത്തരത്തില്‍ വീട്ട് നിരീക്ഷണത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷ സംവിധാനം ഒരുക്കുന്നുണ്ട്.