കോഴിക്കോട്:കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് സംഭവം.സംഭവമറിഞ്ഞ പ്രദേശവാസികൾ ആശങ്കയിലാണ്.സംഭവമറിഞ്ഞ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇതോടെ ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിച്ചിരിക്കുകയാണ്.വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അധികൃതര്‍ ചത്ത വവ്വാലുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ഇവയെ ശാസ്ത്രീയ രീതിയില്‍ തന്നെ മറവുചെയ്യുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നാട്ടുകാരില്‍ പലരും തങ്ങളുടെ കോഴികള്‍ അടക്കമുള്ള വളര്‍ത്തുപ്പക്ഷികളെ കൂട്ടത്തോടെ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പലരും വീട്ടില്‍ വളര്‍ത്തുന്ന വിലകൂടിയ അലങ്കാര പക്ഷികളെയും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.