തിരുവനന്തപുരം:ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി.ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്.10.30 ഓടെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നിരത്തിയിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളില്‍ നൈവേദ്യം തയാറാക്കുന്നതിനായി മറ്റ് അടുപ്പുകളിലേയ്ക്കും തീ പകര്‍ന്നു.മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ട് തീരുമ്പോൾ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്നാണ് മേല്‍ശാന്തിക്ക് നല്‍കിയത്. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് കൈമാറി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമാണ് പൊങ്കാല അടുപ്പുകള്‍ നിരന്നിരിക്കുന്നത്.രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്.ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം.നാളെ രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും രോഗബാധിത രാജ്യങ്ങളില്‍നിന്നു വന്നവര്‍ വീടുകളില്‍തന്നെ പൊങ്കാലയിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.