Kerala, News

ദേവനന്ദയുടെ മരണം;ശാസ്ത്രീയ പരിശോധനകൾക്കായി ഫോറന്‍സിക് സംഘം ഇന്ന് എത്തും

keralanews death of devananda forensic team will arrive today for scientific tests

കൊല്ലം:ഏഴുകോണിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിന് പിന്നിൽ ദുരൂഹതയുള്ളതായി കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.ദേവനന്ദയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ ചതവുകളോ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.കുട്ടിയുടേത് മുങ്ങിമരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു . വയറില്‍ ചെളിയും പുഴയിലെ വെള്ളവും കണ്ടെത്തിയിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും ദുരൂഹതകളും സംശയങ്ങളും ബാക്കിനില്‍ക്കുകയാണ്.കുട്ടി ഒറ്റയ്ക്ക് എങ്ങനെ പുഴയുടെ തീരത്തെത്തി എന്ന ചോദ്യമാണ് എല്ലാവരും മുന്നോട്ട് വെയ്ക്കുന്നത്.ഇത്രയും ദൂരം ഒറ്റയ്ക്ക് വരാത്ത ദേവനന്ദ പുഴയില്‍ വീണതെങ്ങനെയെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. മതില്‍ ചാടി പൊലീസ് നായ ഓടിയതും ആളില്ലാത്ത വീടിനു സമീപം നിന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.ഇതിനിടെ ശാസ്ത്രീയ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇന്ന് എത്തും.സംശയങ്ങള്‍ ദുരീകരിക്കത്തക്കവിധമുള്ള ശാസ്ത്രീയ പരിശോധന തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം . ദേവനന്ദയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

Previous ArticleNext Article