ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ. രോഗലക്ഷണങ്ങളോടെ 19 പേരെ കൂടി കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്ക്കുള്ള വിസ ഇന്ത്യ റദ്ദാക്കി.ഇന്നലെയും ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. സൌത്ത് കൊറിയ, ഇറ്റലി, ഇറാന്, ജപ്പാന് എന്നീ രാജ്യങ്ങളിലെ പൌരന്മാര്ക്ക് ഇതോടെ ഇന്ത്യയിലെത്താനാവില്ല. ചൈനാ പൌരന്മാര്‍ക്കനുവദിച്ച വിസകള്‍ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു. രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിക്കും മുന്നേ ഇയാള്‍ രാജസ്ഥാനിലെ ആറ് ജില്ലകളിലൂടെയാണ് യാത്രകള്‍ നടത്തിയത്. ഇതും ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇയാൾ ഇടപഴകിയ ആളുകളും നിരീക്ഷണത്തിലാണ്. ഇറ്റാലിയന്‍ സ്വദേശിയെ രാജസ്ഥാനിലെ എസ്എംഎസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.പുണെയില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശി.നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇവരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗബാധിതനായ ഇറ്റലിക്കാരന് സഞ്ചാരിയുടെ ഭാര്യയ്ക്കും കോവിഡ് വൈറസ് ബാധയെന്നു സംശയിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഇവരുടെ ആദ്യ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതു രോഗബാധ ഉണ്ടെന്നാണ്.സ്ഥിരീകരണത്തിനായി സാംപിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 28നാണ് ഇറ്റാലിയന്‍ സ്വദേശി ഇന്ത്യയിലെത്തിയത്.ഇറ്റലിയില്‍ നിന്ന് 23 പേരടങ്ങുന്ന സംഘത്തില്‍ ഫെബ്രുവരി 28നു നഗരത്തില്‍ എത്തിയതാണു രോഗബാധിതനായ ആളും. 21നു ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുര്‍, ബിക്കാനേര്‍, ജയ്സാല്‍മേര്‍, ഉദയ്പുര്‍ അടക്കം ആറു ജില്ലകളില്‍ സന്ദര്‍ശനം നടത്തി.ഇതിന് ശേഷമാണ് ജയ്പുരില്‍ എത്തിയത്. അന്നു രാത്രി ചുമയും ശ്വാസ തടസവുമായി ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു സവായ് മാന്‍സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ജയ്പൂരില്‍നിന്ന് ആഗ്രയിലേക്കും അവിടെനിന്നു ഡല്‍ഹിയിലേക്കും യാത്ര തുടര്‍ന്നു. ഇവര്‍ ഇന്ത്യ വിട്ടതായാണ് അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാര്‍, ആദ്യം എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ ഇതിനോടകം നിരീക്ഷണത്തിലാണ്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും രോഗബാധിതനുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിനും രോഗം പടരുന്നതു തടയുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം 6 പേരിലും രോഗം സ്ഥിരീകരിച്ചു. ആഗ്രയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 6 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവരെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച 45 കാരനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നു സഫ്ദര്‍ജങ്ങിലേക്കു മാറ്റി.ബിസിനസുകാരനായ ഇയാള്‍ ഇറ്റലിയില്‍ നിന്നു വന്നപ്പോള്‍ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരോടും നിരീക്ഷണത്തിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ വീട്ടില്‍ മകളുടെ പിറന്നാള്‍ ആഘോഷവും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത മകളുടെ സഹപാഠികളെയും നിരീക്ഷിച്ചുവരികയാണ്. ഇവര്‍ പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടെ നോയിഡയിലെ രണ്ട് സ്കൂളുകള്‍ അടക്കം ഡല്‍ഹിയില്‍ അഞ്ച് സ്കൂളുകള്‍ അടച്ചു.ഡല്‍ഹിയില്‍ കൊറോണ ഭീതി ശക്തമായതോടെ സ്കൂളുകള്‍ ഓരോന്നായി അടച്ചു തുടങ്ങി. നോയിഡയിലെ രണ്ട് സ്വകാര്യ സ്കൂളുകളാണ് ഇന്നലെ അടച്ചത്. ഇതില്‍ ഒരു സ്കൂളിന്റെ ഡല്‍ഹിയിലെ മറ്റ് മൂന്ന് ബ്രാഞ്ചുകളും കൂടി മുന്‍കരുതലെന്നോണം അടച്ചിട്ടു. ഡല്‍ഹി റസിഡന്റ് സ്കൂളായ ദി ശ്രീരാം മിലല്ലേനിയം സ്കൂളിലെ രണ്ട് കുട്ടികള്‍ക്ക് കൊറോണ എന്ന സംശയത്താലാണ് ഈ സ്കൂള്‍ വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്കൂളുകള്‍ മാര്‍ച്ച് പത്ത് വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.