കൊച്ചി: പി.എസ് നടരാജപിള്ളയെ ഏതു പിള്ള എന്ന് ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടരാജപിള്ളയോട് ബഹുമാനം മാത്രമാണെന്നും പെട്ടന്ന് പേരു കിട്ടാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോ അക്കാദമി ഭൂമി വിഷയത്തില്‍ പ്രതികരിക്കവെ ലോ അക്കാദമി ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ആദ്യ ഉടമയായ നടരാജ പിള്ളയെ ഏതോ ഒരു പിള്ള എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവായിരുന്ന നടരാജ പിള്ളയെ അങ്ങനെ വിശേഷിപ്പിച്ചത് വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കെ.കരുണാകരന്‍ ഭൂമി പതിച്ചുകൊടുത്തപ്പോളും ആരും എതിര്‍ത്തില്ല. കരുണാകരന്റെ തീരുമാനത്തിനെതിരാണ് ഇപ്പോള്‍ മുരളീധരന്റെ സമരം. മുരളീധരന്‍ സത്യാഗ്രഹമിരിക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. 1959 അല്ല ഇപ്പോളെന്നും സര്‍ക്കാരിനെ വിരട്ടലൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.