റോം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാവിയ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര് തമിഴ്നാട്ടില്‍നിന്നും 20 പേര് കര്‍ണാടകത്തില്‍നിന്നും 25 പേര് തെലങ്കാനയില്‍നിന്നും രണ്ടുപേര്‍ ഡല്‍ഹിയില്‍നിന്നും രാജസ്ഥാന്, ഡെറാഡൂണ്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍നിന്ന് ഒരോ ആള് വീതവുമാണുള്ളത്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.സർവകലാശാലയിലെ സ്റ്റാഫുകളിലെ 15 പേര് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്.മേഖലയില്‍ 17 മരണം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ഒരു വിദ്യാര്‍ഥി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.നഗരത്തിലെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.അതേസമയം യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ലോകത്തിലുട നീളം 87,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര് കൊറോണ ബാധിച്ച് മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ,സ്കോട്ട്ലന്‍ഡിലും, ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.