Kerala, News

നടിയെ ആക്രമിച്ച കേസ്;മൊഴി നല്കാൻ മഞ്ജു വാര്യർ കോടതിയിലെത്തി

keralanews actress attack case manju warrier present in the court to give the statement

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസില്‍ നടന്‍ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തുന്നത് 5 വര്‍ഷം മുൻപ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ്.അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി.കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് ആദ്യമായി പരസ്യമായി പറഞ്ഞതും മഞ്ജു വാര്യരാണ്.പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച്‌ അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാല്‍ കേസിൽ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒൻപതേമുക്കാലോടെ തന്നെ മഞ്ജു വാര്യർ  കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച. മഞ്ജു മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന.അതേസമയം സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും.ഇരുവരും കോടതിയിൽ ഹാജരായിട്ടുണ്ട്.മഞ്ജു വാര്യര്‍ വരുന്നതിനാല്‍ ദിലീപ് അവധി അപേക്ഷ നല്‍കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കാനായിരുന്നു ദിലീപിന്റെ തീരുമാനം.നാളെ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറ്റന്നാള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മാര്‍ച്ച്‌ നാലിനു റിമി ടോമയും മൊഴി നല്‍കാനെത്തും.കേസുമായി ബന്ധപ്പെട്ട് താരങ്ങളില്‍ പലരും നേരത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിസ്താര സമയത്ത് ഇവര്‍ ഇതേ മൊഴി ആവര്‍ത്തിക്കുമോ എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

Previous ArticleNext Article