Kerala, News

എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവം;എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

keralanews s i under crimebranch custody in connection with the missing of bullets from s p camp

തിരുവനന്തപുരം:എസ്പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അധികം വൈകാതെ എസ്‌ഐയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേസില്‍ 11 പോലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.എസ്‌എപി ക്യാമ്പിൽ നിന്നും 12,000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്. വെടിയുണ്ടകള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍- മൂന്നിലെ എസ്‌ഐയാണ്.തിരകള്‍ കാണാതായ കേസില്‍ കണക്കെടുപ്പ് ഉണ്ടായപ്പോള്‍ 350 വ്യാജ കേയ്സുകള്‍ ഉണ്ടാക്കി കണക്കെടുപ്പില്‍ ഹാജരാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്. രണ്ട് മണിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്. ഈ സാഹചര്യത്തില്‍ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാന്‍ ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.

Previous ArticleNext Article