മലപ്പുറം: ദേശീയ വിരവിമുക്ത ദിനാചരണത്തിെന്റ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലേക്കും അംഗന്‍വാടികളിലേക്കും വിതരണം ചെയ്ത ഗുളിക ഗുണനിലവാരമില്ലാത്തിനാല് അവസാനനിമിഷം പിന്‍വലിച്ചു.19 വയസ്സിന് താഴെയുള്ള കുട്ടികളില്‍ വിരശല്യം ഇല്ലാതാക്കാനായി ആരോഗ്യവകുപ്പ് നല്കിയ ഗുളികകളുടെ വിതരണമാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ തിങ്കളാഴ്ച ഉത്തരവിറക്കിയത്.ചൊവ്വാഴ്ചയാണ് ഗുളിക നല്കാന് നിശ്ചയിച്ചിരുന്നത്.ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് ഗുളികകള്‍ തിരിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. ഏതെങ്കിലും അംഗന്‍വാടികളോ സ്കൂളുകളോ കുട്ടികള്‍ക്കിത് നല്‍കിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതയില്ല. മലപ്പുറം ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരിലൊരാള്‍ ഗുളികയിലെ നിറവ്യത്യാസം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് ഗുണനിലവാരമില്ലാത്ത ഗുളികകളാണ് വിതരണത്തിനെത്തിയതെന്ന് വ്യക്തമായത്.കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷെന്റ ഡി.കെ 0062 ബാച്ചുകളിലെ 400 എം.ജിയുടെ ആല്‍ബെന്‍ഡസോള്‍ ഗുളികകളാണ് തിരിച്ചെടുത്തത്. ഇതേ ഗുളികയുടെ 0058 മുതല്‍ 0063വരെയുള്ള ബാച്ചുകളും വിദ്യാലയങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഗുളിക വിതരണം ചെയ്തിരിക്കുന്നത്. ഫാര്മസിസ്റ്റുകള്വഴി മാത്രം വിതരണം ചെയ്യാവുന്ന വിഭാഗത്തില്‍പെട്ട മരുന്നാണിത്. ഇതുസംബന്ധിച്ച സംശയം ജീവനക്കാരുടെ സംഘടനകളിലൊന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന് മറുപടി നല്‍കാതെ ഗുളികവിതരണവുമായി അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു.