India, News

ഡല്‍ഹിയില്‍ സംഘർഷാവസ്ഥ തുടരുന്നു; പൊലീസുകാരനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു;പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews delhi conflict five including a police officer died and prohibitory order issued in ten places

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവും തമ്മിൽ വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന വ്യാപക സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് കൊല്ലപ്പെട്ടത്.കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും തെരുവിലിറങ്ങിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീവെച്ചിരുന്നു. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിഎഎ പ്രതിഷേധക്കാരെ നേരിടാനായി സിഎഎ അനുകൂലികള്‍ കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു.പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി സഫ മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Previous ArticleNext Article