India, News

ഡൽഹിയിൽ വീണ്ടും അക്രമം;കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു

keralanews again conflict in delhi A police personnel died during stone pelting

ഡൽഹി:ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.‌എ‌.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ സംഘർഷം.സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. കല്ലേറുമുണ്ടായി. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പ്രക്ഷോഭത്തിനിടെ ഒരാള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് തോക്കുമായി ഓടി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

Previous ArticleNext Article