കണ്ണൂർ:ഇരിട്ടി കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ വച്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തില്ലങ്കേരി മച്ചൂര്‍മല സ്വദേശി പ്രമോദിനെ കസ്റ്റഡിയിലെടുത്തു.കൃഷി നശിപ്പിക്കുന്ന പന്നികളെയും, കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആൾട്ടോ കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍.നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ അന്വേഷണത്തിനായി പ്രതിയേയും ഉണ്ടകളും ഇവകടത്താനുപയോഗിച്ച കാറും ഇരിട്ടി പൊലീസിന് കൈമാറി.നേരത്തെ കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നുമാണ് വെടിയുണ്ടകള്‍ ലഭിച്ചത്.