തിരുവനന്തപുരം:കെ.സുരേന്ദ്രൻ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.രാവിലെ ഒൻപതരയോടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. ശേഷം തുറന്ന വാഹനത്തില്‍ എം.ജി റോഡിലൂടെ പി.എം.ജി ജംഗ്ഷന്‍ വഴി ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് എത്തും. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് ഈ മാസം 15 ആം തീയതി കെ.സുരേന്ദ്രനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.എ.എന്‍ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുള്‍പ്പെടെയുള്ള പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു.യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കിയത്. സംസ്ഥാന ബി.ജെ.പിയെ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ബി.ജെ.പി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങള്‍ക്കെല്ലാം മുന്‍പന്തിയില്‍ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.