മലപ്പുറം:സംസ്ഥാനത്ത് ചൂട് കനക്കുന്നു.ശക്തമായ വെയിലിൽ സൂര്യാതപമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു.മലപ്പുറം തിരുനാവായ കുറ്റിയേടത്ത് സുധികുമാര്‍ (43 )ആണ് മരിച്ചത്.ഇന്നലെ കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. സുധികുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടത്തെ വിളവെടുപ്പായിരുന്നു ഇന്നലെ.ഇവിടെ കൊയ്ത്ത് നടത്തുന്നതിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.രാവിലെ ആറുമണിയോടെ സുധികുമാര്‍ വയലില്‍ ജോലിക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാര്‍ വയലില്‍ നിന്ന് കയറി. എന്നാല്‍ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാര്‍ വയലില്‍ തുടര്‍ന്നു. പിന്നീട് ജോലിക്കാര്‍ വയലിലെത്തിയപ്പോഴാണ് സുധികുമാര്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം.അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്‌ബോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.