Kerala, News

അവിനാശി വാഹനാപകടം;മരിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

keralanews avinashi bus accident the deadbodies of ksrtc employees brought to kerala

കൊച്ചി:അവിനാശി വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.ബസ് ഡ്രൈവറും കണ്ടക്ടറുമായ ബൈജുവിനും ഗീരീഷിനും യാത്രാമൊഴി നൽകി സഹപ്രവർത്തകർ. ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപകടത്തില്‍ ചിതറിപ്പോയ ബൈജുവിന്റെ മൃതദേഹമെന്നതിനാല്‍ ആംബുലന്‍സിനു പുറത്തേക്കെടുത്തില്ല.പകരം ആംബുലന്‍സിനകത്ത് കയറി അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ബൈജുവിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കുമേറിയതോടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ആംബുലന്‍സിനടുത്തെത്താനായില്ല. പത്ത് മിനിറ്റിനു ശേഷം ബൈജുവിന്റെ മൃതദേഹവും വഹിച്ച്‌ ആംബുലന്‍സ് പോയപ്പോള്‍ പലരും ദു:ഖം താങ്ങാനാവാതെ തളര്‍ന്നു നിന്നു.സഹപ്രവര്‍ത്തകരുടെ ദുഖം കണ്ട് കാഴ്ചക്കാരായെത്തിയ യാത്രക്കാരും കണ്ണുപൊത്തി സങ്കടം അടക്കി. ഇവിടെ നിന്നായിരുന്നു 2 ദിവസം മുന്‍പു ബൈജുവും ഗിരീഷും ബാംഗ്ലൂരിന് പുറപ്പെട്ടത്. ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിറങ്ങലിച്ചു പോയിരുന്നു സഹപ്രവര്‍ത്തകരിലേറെയും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്ത്യോപചാരമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.മൃതദേഹങ്ങള്‍ ഒരുമിച്ചു ഡിപ്പോയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ 2 സമയത്തു വിട്ടുകിട്ടിയതിനാല്‍ ഇതിനു കഴിഞ്ഞില്ല.ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപതരയോടെ പേപ്പതിയിലെ വീട്ടില്‍ സംസ്‌കരിക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്‌എന്‍ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.

Previous ArticleNext Article