Kerala, News

പോലീസിന്റെ തോക്കുകൾ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

keralanews the police guns were not missing Home Secretary rejects CAG and report submitted to CM

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകള്‍ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവച്ച് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച്‌ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു.ഈ റിപ്പോര്‍ട്ടും സഭാസമിതി മുൻപാകെ  ഹാജരാക്കും.സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സമിതി സാധൂകരിച്ച്‌ നല്‍കിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷന്റെ മാർഗ നിർദേശങ്ങളും ലംഘിച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു. വില നിശ്ചയിക്കുന്നതിൽ നാലു സന്ദർഭങ്ങളിലെങ്കിലും പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും വിൽപ്പനക്കാരും കെൽട്രോണും തമ്മിൽ സന്ധിയുണ്ടായിരുന്നെന്നും ഇതിനാൽ പദ്ധതികൾക്ക് ധനനഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Previous ArticleNext Article