Kerala, News

ഷഹീന്‍ ബാഗ് സമരം;ചർച്ചയ്ക്കായി സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു

keralanews shaheen bagh agitation supreme court appoints mediator to talk to protesters

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ സുപ്രീം കോടതി മധ്യസ്ഥനെ നിയോഗിച്ചു.അറുപതു ദിവസമായി റോഡ് തടസപ്പെടുത്തി നടക്കുന്ന സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് കോടതി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ മധ്യസ്ഥനായി നിയോഗിച്ചത്.ഷഹീന്‍ ബാഗ് സമരക്കാരെ നീക്കം ചെയ്യണമെന്ന ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.അഭിപ്രായ സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യം സാധ്യമാവുക. എന്നാല്‍ ഇവയ്‌ക്കെല്ലാം പരിധിയുണ്ട്. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോൾ തന്നെ അതിനെതിരെ പ്രതിഷേധിക്കാം. എന്നാല്‍ ഗതാഗതം തസപ്പെടുത്തി അത് എത്രനാള്‍ തുടരും എന്നതാണ് ചോദ്യമെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ എസ്‌കെ കൗളും കെഎം ജോസഫുമാണ് ഹർജി പരിഗണിച്ചത്.ഇന്ന് ഈ നിയമത്തിന് എതിരെയാണെങ്കില്‍ നാളെ മറ്റൊരു നിയമത്തിനെതിരെ മറ്റൊരു കൂട്ടര്‍ ആയിരിക്കും സമരം ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.ശരിയായ കാരണം കൊണ്ടാണെങ്കില്‍ പോലും എല്ലാവരും റോഡ് തടസ്സപ്പെടുത്തി പ്രതിഷേധിക്കാനിറങ്ങിയാല്‍ എന്താവും സ്ഥിതിയെന്ന് ജസ്റ്റിസ് കൗള്‍ ചോദിച്ചു.പ്രതിഷേധിക്കാനുള്ള അവകാശം തടയാനാവില്ല.എന്നാല്‍ അതിനു ബദല്‍ വേദികള്‍ പരിഗണിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.ആംബുലന്‍സുകള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയ്ക്ക് കടന്നുപോവാന്‍ സമരക്കാര്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിനെ എതിര്‍ത്തു. ഷഹീന്‍ബാഗില്‍ സമ്പൂർണ്ണ ഗതാഗത സ്തംഭനമാണെന്ന് തുഷാര്‍ മേത്ത വാദിച്ചു.സ്ത്രീകളെയും കുട്ടികളെയും മുന്നണിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഷഹീന്‍ബാഗ് സമരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ചര്‍ച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. നഗരത്തെ മുഴുവന്‍ തടങ്കലില്‍ വച്ചുകൊണ്ടാണ് സമരം പുരോഗമിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തി.കേസ് അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.

Previous ArticleNext Article