India, News

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്

keralanews one year for pulwama terror attack

ന്യൂഡൽഹി:പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്.2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് ആക്രമണത്തിൽ നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്.ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവധി കഴിഞ്ഞു മടങ്ങുന്ന ജവാന്മാരടക്കമുള്ള 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം.സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടി വയ്പുമുണ്ടായി. വസന്തകുമാര്‍ 82 ആം ബറ്റാലിയനിലെ ജവാനായിരുന്നു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ജയ്‌ഷെ മുഹമ്മദ്, ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിനു തൊട്ടുമുന്‍പു ചിത്രീകരിച്ച വിഡിയോയില്‍, എകെ 47 റൈഫിളുമായാണ് ചാവേര്‍ നില്‍ക്കുന്നത്. ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീര്‍ പൊലീസില്‍നിന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണു കേസ് എന്‍ഐഎയ്ക്കു കൈമാറിയത്. 14ന് ആക്രമണമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ പത്തംഗ എന്‍ഐഎ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു. പിന്നാലെ, പുല്‍വാമയ്ക്കു സമീപം ലെത്പൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും തെളിവെടുപ്പു നടത്തിയശേഷമാണ് കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിര്‍വഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്‌ട്രീഷ്യനുമായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുദസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു.അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്മാരകത്തിന്റെ ഉദ്ഘാടനം പുല്‍വാമയിലെ ലെത്തിപ്പോര ക്യാമ്പിൽ വെച്ച്‌ വെള്ളിയാഴ്ച നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് സ്മാരകം പൂര്‍ത്തിയാക്കിയതെന്ന് സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസ്സന്‍ പറഞ്ഞു. യുദ്ധസ്മാരകം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ പേരുകളും ചിത്രങ്ങളും ആലേഖനം ചെയ്താണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണം തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നു. പുതിയ പാഠം കൂടിയാണ് ഭീകരാക്രമണം തങ്ങള്‍ക്ക് നല്‍കിയത്. ഭീകരാക്രമണത്തിന് ശേഷം തങ്ങള്‍ ഒന്നു കൂടി ജാഗരൂകരായെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Previous ArticleNext Article