കാഠ്മണ്ഡു:മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എട്ടു മലയാളികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് സർക്കാർ അടച്ചുപൂട്ടി.മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ റിസോര്‍ട്ടിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഞായറാഴ്ചയാണ് നേപ്പാള്‍ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്.മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം മുറിയില്‍ ഇലക്ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികള്‍ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റര്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ നല്കിയ മൊഴി.എന്നാല്‍ റിസോര്‍ട്ടില്‍ അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നല്‍കുന്നില്ലെന്നും റിസോര്‍ട്ട് എന്ന വിഭാഗത്തില്‍പ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയില്‍ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വെച്ചത് ഹോട്ടല്‍ മാനേജുമെന്റിന്റെ വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.