തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ മൂന്നുപേര്‍ നിരീക്ഷണ കാലാവധി തീരും മുന്‍പേ ചൈനയിലേയ്ക്ക് കടന്നു. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് മൂന്നു പേര്‍ ചൈനയിലേയ്ക്ക് കടന്നത്. ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് ചൈനയിലേയ്ക്ക് തിങ്കളാഴ്ച പോയത്.ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് കടന്നതെന്നാണ് വിവരം.വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിക്കുകയും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിയിക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകൾ സ്വിച്ച്‌ഓഫ് ആയിരുന്നു. തുടർന്ന് ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് ഇവർ ചൈനയിലേയ്ക്ക് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.തൃശ്ശൂര്‍ ജില്ലയില്‍ വീടുകളില്‍ 233 പേരും ആശുപത്രികളില്‍ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.