ന്യൂഡല്‍ഹി:നിരവധി സവിശേഷതകളും പ്രത്യേകതകളുമായി ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധന സെക്രട്ടറി അതാനു ചക്രബര്‍ത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേര്‍ന്ന നിറമാണ്. സാധാരണയായി റിസര്‍വ്വ് ബാങ്ക് ആണ് നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നതെങ്കിലും പതിവിന് വിപരീതമായി പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.പുതിയ നോട്ടില്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്.വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പർ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും.കാര്‍ഷിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ വലിപ്പം 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും.കൂടാതെ നോട്ടില്‍ 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.’സാഗര്‍ സാമ്രാട്ട്’ എണ്ണ പര്യവേക്ഷണ കേന്ദ്രത്തിന്റെ ചിത്രവും നോട്ടില്‍ അടങ്ങിയിട്ടുണ്ട്.