തിരുവനന്തപുരം:നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.ആകാശ സര്‍വെ പൂര്‍ത്തിയായെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. വെറുമൊരു റെയില്‍ പാത എന്നതിലുപരി സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ സാധിക്കും. 2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ല്‍ ഒരുലക്ഷത്തിലധികം പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍ എന്നും ധനമന്ത്രി പറഞ്ഞു.പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ടെന്നും നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.