ചെന്നൈ:സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്യെ ആദായ നികുതി വകുപ്പ് നടത്തി വരുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ 17 മണിക്കൂറുകള്‍ പിന്നിട്ടു. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ തുടര്‍ന്നു.ചെന്നൈ പാനൂരിലെ വിജയ് യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധനകളും തുടരുകയാണ്. വിജയ്യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.എ.ജി.എസ് . സിനിമാസായിരുന്നു ‘ബിഗിൽ’ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ നിര്‍മാണത്തിനു പണം നല്കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധനയുണ്ടായിരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് ”മാസ്റ്റര്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു വിജയ്. ഇവിടെയെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. തുടര്‍ന്നു വിശദമായ ചോദ്യം ചെയ്യലിനു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടു. ഇതോടെയാണു ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്ക് പുറപ്പെട്ടത്.
അതേസമയം വിജയിയെ കസ്റ്റഡിയില്‍ എടുത്തതില്‍ കടുത്ത പ്രതിഷേധമാണ് വിജയ് ഫാന്‍സുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാല്‍ ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന് വ്യക്തമാക്കി.ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്. താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎല്‍എ പി.വി.അന്‍വറും പോസ്റ്റിട്ടു. മെര്‍സല്‍ എന്ന ചിത്രം ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അന്‍വര്‍ പറഞ്ഞു.എസ്എഫ്ഐയും വിജയിയെ പിന്തുണച്ചു കൊണ്ടു പോസ്റ്റിട്ടിട്ടുണ്ട്. വിജയ്യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്.