കാസർകോഡ്:കാസർകോഡ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി.കര്‍ണാടക നെലോഗി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കീഴൂര്‍ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) ഞായറാഴ്ച വൈകിട്ടോടെയാണ് ഗുണ്ടാ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കര്‍ണാടകയില്‍ ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതിയായ അഫ്ഗാന്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബര്‍ 16 ന് തസ്ലീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ മോചിതനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.തുടര്‍ന്ന് സുഹൃത്തുക്കളുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മംഗളൂരിന് സമീപം ബണ്ട്വാളില്‍ തസ്ലീം ബന്ദിയാക്കപ്പെട്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇവിടം വളഞ്ഞു. ഇതിനിടെ തസ്ലീമുമായി സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു.പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ സംഘം തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളില്‍ തള്ളുകയായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.സംഭവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ നാല് പേരെ കര്‍ണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ മലയാളിയും 3 പേര്‍ കര്‍ണാടക ഉള്ളാള്‍ സ്വദേശിയുമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏതാനും കേസുകളില്‍ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു.ദുബൈയില്‍ റോയുടെയും ദുബൈ പൊലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡെല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിരുന്നു.എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍ എസ് എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും യുവാവിനെ വിട്ടയച്ചിരുന്നു.ഇതിനു പിന്നാലെ അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16നാണ് പൊലീസ് വീണ്ടും തസ്ലീമിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്.ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.അതേസമയം തസ്ലീമിനെ കര്‍ണാടകയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നില്‍ ഉപ്പളയിലെ ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയാണോ എന്ന സംശയം ബലപ്പെട്ടു. നേരത്തെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ സംഘത്തിന് തോക്കുള്‍പെടെയുള്ള ആയുധങ്ങള്‍ നല്‍കിയത് തസ്ലീമാണെന്ന സംശയം എതിര്‍ സംഘത്തിനുണ്ടായിരുന്നു.ഇതായിരിക്കാം തസ്ലീമിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. ഇതുകേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.