ന്യൂഡൽഹി:കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനിടെ ചൈനയിലെ വുഹാനില്‍ നിന്ന് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഡെല്‍ഹിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് വുഹാനില്‍നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്ത്യയിലെത്തിയത്.വിദ്യാര്‍ഥികളടക്കം 323 പേരാണ് വിമാനത്തിലുള്ളത്.മലയാളി വിദ്യാര്‍ഥികളും വിമാനത്തിലുണ്ട്.ഇവരെ മനേസറിലെ നിരീക്ഷണ ക്യാംപിലേക്കു മാറ്റും. മാലിദ്വീപില്‍ നിന്നുള്ള ഏഴു പേരും സംഘത്തിലുണ്ട്.കഴിഞ്ഞ ദിവസം 324 പേരടങ്ങിയ ഇന്ത്യക്കാരെ ചൈനയിൽ നിന്നും തിരികെ എത്തിച്ചിരുന്നു. ഇവരെ മനേസറിലെ സൈനിക ക്യാമ്പിലും കുടുംബങ്ങളെ ഐ ടി ബി പി ക്യാമ്പിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് തിരിച്ചെത്തിയവരെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും.14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.സൈന്യത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. മടങ്ങി എത്തുന്നവര്‍ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.