തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മിനായരെ പുറത്താക്കിയതിന്റെ രേഖ ഹാജരാക്കിയാല്‍ സമരം പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍. സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരും എ.ഡി.എം. ജോണ്‍ പി. സാമുവലുമാണ് യോഗത്തിന് നേതൃത്വംനല്‍കിയത്. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗമായിരുന്നു വേദി.സമരത്തില്‍നിന്ന് കുട്ടികള്‍ പിന്മാറണമെന്ന് റവന്യു അധികൃതര്‍അഭ്യര്ഥിച്ചെങ്കിലും ലക്ഷ്മിനായര്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നാക്കം പോകില്ലെന്ന് കുട്ടികൾ പറഞ്ഞു.അവരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തിയിരിക്കയാണെന്ന് അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍നായര്‍.
എസ് .എഫ്.ഐ. സമരം പിന്‍വലിച്ചെന്നും മറ്റുള്ളവര്‍ നടത്തുന്ന സമരം ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണസമിതി തീരുമാനത്തിന്റെ മിനുട്സ് ഹാജരാക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടു. അങ്ങനെ തീരുമാനമുണ്ടെങ്കില്‍ അതിന്റെ മിനുട്സും അതില്‍ ഭരണസമിതിയിലെ 21 പേരും ഒപ്പിട്ടതിന്റെ രേഖയും കാണിക്കണം. രേഖകള്‍ താന്‍ കൊണ്ടുവന്നിട്ടില്ലെന്നു നാരായണന്‍നായര്‍ പറഞ്ഞപ്പോൾ ലോ അക്കാദമി അടുത്തായതിനാല്‍ കാത്തിരിക്കാമെന്നും രേഖ എടുത്തുകൊണ്ടുവരാനും ആണ് കുട്ടികള്‍ പറഞ്ഞത്.
മിനുട്സിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പല്ലാതെ യഥാര്‍ഥരേഖയും ഭരണസമിതി അംഗങ്ങളുടെ മുഴുവന്‍ ഒപ്പും കാണിച്ചാല്‍ പിന്‍വലിക്കാമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്നാണ് രണ്ടുമണിക്കൂര്‍നീണ്ട ചര്‍ച്ച അവസാനിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 22 വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു…….