കൊച്ചി:കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.ആക്രമണത്തിന് ഇരയായ നടിയും ദിലീപ് ഉള്‍പ്പെടെയുള്ള പത്തുപ്രതികളും ഇന്നലെ ഹാജരായിരുന്നു. പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം ഇന്നും തുടരും. ഇന്നും നടിയെയാണ് വിസ്തരിക്കുന്നത്.ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലില്‍ നിന്ന് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ ജയിലില്‍ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടര്‍ന്ന് പതിനൊന്നോടെ കോടതി നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ഇന്നലെ പത്തു പ്രതികള്‍ക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ 13 പേര്‍ ദിലീപിനു വേണ്ടി ഹാജരായവരാണ്.വനിതാ ജഡ്ജി ഹണി എം. വര്‍ഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി.2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു.ഇത് കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും.മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍.ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.ആദ്യഘട്ടവിസ്താരം ഏപ്രില്‍ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും.കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്.161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.
Kerala, News
നടിയെ ആക്രമിച്ച കേസ്;സാക്ഷിവിസ്താരം തുടങ്ങി; ദിലീപിന് വേണ്ടി ഹാജരായത് 13 അഭിഭാഷകർ
Previous Articleകാസർകോഡ് ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ