International, News

കൊറോണ വൈറസ് ബാധ;ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗം ഇന്ന്

keralanews corona virus death toll rises to 170 world health organisation hold emergency meeting today

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനായിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ്‍ പറഞ്ഞു.ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.രോഗം വ്യാപിക്കുന്നത് തടയാന്‍ ശരിയായ നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. നടപടികള്‍ ഫലപ്രദവും ഹ്രസ്വകാലത്തേക്കുമാത്രമായി ഉള്ളതാണെന്നുമാണ് മനസിലാക്കുന്നത്. സഞ്ചാരവും വ്യാപാരവും തടയുന്ന രീതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൈനയിലെത്തുകയും രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്തുകയും ചെയ്യും. കൊറോണ ബാധിതര്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അഞ്ചില്‍ ഒന്ന് രോഗികള്‍ക്ക് മാത്രമേ ന്യുമോണിയ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങളുള്ളൂ എന്നുമാണ് നിഗമനം. അതേസമയം വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ പൌരന്‍മാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബ്രിട്ടീഷ് എയര്‍ വേയ്സ്, ലയണ്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ചൈനയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Previous ArticleNext Article