Kerala, News

ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി ഗവർണ്ണർ;സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ചു

keralanews atlast governor read out the policy statement agains t c c a in assembly

തിരുവനന്തപുരം:ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ച് ഗവർണ്ണർ.വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18 ആം ഖണ്ഡിക ഗവര്‍ണര്‍ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്.പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച്‌ ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയി.

Previous ArticleNext Article