കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് പ്രാദേശിക നേതാവിനെ സസ്‌പെൻഡ് ചെയ്ത് ലീഗ് നേതൃത്വം. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലിഗ് വൈസ്പ്രസിഡന്‍റ് കെ.എം.ബഷീറിനെയാണ് സസ്പന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് നടപടി.മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പുറമേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചും ബഷീര്‍ പരസ്യപ്രസ്ഥാവന നടത്തിയിരുന്നു. ചാനലുകളില്‍ പരസ്യമായി കോണ്‍ഗ്രസിനെയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനേയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് സസ്പന്‍ഷന്‍ നടപടി.അന്വേഷണ വിധേയമായാണ് സസ്പന്‍ഷനെന്നും മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിന് പുറമേ നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്ഥാവന നടത്തിയത് ഗുരുതര വീഴചയാണെന്നുമാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്.പൗരത്യഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബഷീര്‍ ചാനലിലെ അഭിമുഖത്തില്‍ വിമര്‍ശനമുന്നയിച്ചത്.