ന്യൂഡൽഹി:നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിച്ചു.തിരുവനന്തപുരം സ്വദേശി പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഉച്ചയോടെയാണ് കോഴിക്കോട് സ്വദേശി രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്.പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.എന്നാല്‍ രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ പോയ വിനോദസഞ്ചാരത്തിനായി പോയ മലയാളികളായ 15 അംഗ സംഘത്തിലെ എട്ടുപേരെ ദമനിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.