കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷാണ് (33)അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാര്‍ റോഡില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം നടന്നത്. സംഘര്‍ഷ മേഖലയായ ഇവിടെ വര്‍ഷങ്ങളായി പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. പോലീസും ഇത്തരത്തിലാണ് അന്ന് കേസെടുത്തിരുന്നത്. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നല്‍കിയത്.വീടിന് നേരെ ബോംബേറ്, ഓട്ടോറിക്ഷ അടിച്ച് തകര്‍ക്കല്‍, ഉള്‍പ്പെടെ പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.ബോംബേറ് നടന്ന നായനാര്‍ റോഡിലെ മനോജ് സേവാ കേന്ദ്രത്തിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ തെളിവെടുപ്പ് നടത്തി.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.