മംഗളൂരു:മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബെംഗളൂരു ഡിജിപിപി ഓഫീസിലെത്തി കീഴടങ്ങിയത്.യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്. വിമാനത്താവളത്തില്‍ സ്ഥിരം ബോംബ് ഭീഷണി മുഴക്കിയിരുന്ന വ്യക്തിയാണ് ആദിത്യയെന്ന് പൊലീസ് വ്യക്തമാക്കി.വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരില്‍ 2018ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം.തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) എത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.