Kerala, News

കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍;നടപടിയുമായി റെയിൽവേ

keralanews the video of school students crossing railway track getting viral railway take action

കാസർകോഡ്:കുട്ടികള്‍ സ്‌കൂള്‍ വിട്ടു വരുമ്പോൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി റെയിൽവേ.കുട്ടികൾ ട്രാക്ക് മുറിച്ചു കടക്കുന്ന വഴി റെയിൽവേ അടച്ചു.കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍.പി. സ്കൂളിന് മുന്നിലെ വഴിയാണ് റെയില്‍വേ അടച്ചത്.പാലക്കാട് ഡിവിഷണല്‍ മാനേജര്‍ പ്രസാദ് പിങ്ക് ഷമിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ എന്‍ജിനീയറിങ് വിഭാഗക്കാരെത്തി ട്രാക്കിന്റെ ഇരുഭാഗത്തും കമ്പിവേലി സ്ഥാപിച്ചു.ഏതാനും ദിവസം മുന്‍പാണ് കുട്ടികള്‍ സ്‌കൂള്‍ വിട്ടു കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറി മുറിച്ചു കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെയും പ്രീപ്രൈമറിയിലെയും ഉൾപ്പെടെ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 160-ലധികം കുട്ടികളും പാളം മുറിച്ചുകടക്കുകയാണ് പതിവ്. കുട്ടികളെ പാളം മുറിച്ചു കടത്തിക്കാന്‍ ഓരോദിവസവും രണ്ട്‌ അധ്യാപകരെ ചുമതലപ്പെടുത്തും.അന്ന് വീഡിയോ പകർത്തുമ്പോൾ പാടില്ലെന്നു പറഞ്ഞത് ബഷീര്‍ ചെവിക്കൊണ്ടില്ലെന്നും ഇതോടെ ടീച്ചര്‍മാര്‍ മാറിനില്‍ക്കുകയാണുണ്ടായതെന്നും പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ പറഞ്ഞു.മുതിര്‍ന്നവര്‍ ആരും ഇല്ലാത്ത വീഡിയോ പകര്‍ത്തി സ്കൂളിനെ അപമാനിക്കുകയാണ് ഇയാള്‍ ചെയ്തതെന്നും പ്രഥമാധ്യാപകനും മറ്റു പി.ടി.എ. അംഗങ്ങളും കുറ്റപ്പെടുത്തി.വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. ഇതുസംബന്ധിച്ച്‌ ബേക്കല്‍ എ.ഇ.ഒ. കെ.ശ്രീധരന്‍ അന്വേഷണം നടത്തി. റെയില്‍വേ വഴി അടച്ചതോടെ കുട്ടികള്‍ ആറുകിലോമീറ്റര്‍ ചുറ്റിയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്കു മടങ്ങിയത്. ഭീതിതമായ അവസ്ഥയില്‍ കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചു കടക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ലീഗല്‍ സര്‍വീസസ് ചെയര്‍മാനും സബ്‌ജഡ്ജുമായ കെ.വിദ്യാധരന്‍ അജാനൂര്‍ സ്കൂളിലെത്തി തെളിവെടുത്തു. ചൈല്‍ഡ് ലൈന്‍ അധികാരികളും സ്കൂളിലെത്തി അന്വേഷണം നടത്തി.വീഡിയോ പകര്‍ത്തിയ സ്കൂള്‍ ഡ്രൈവര്‍ സി.എച്ച്‌.ബഷീറിനെ സസ്പെന്‍ഡ് ചെയ്തതായി അജാനൂര്‍ സ്കൂള്‍ പ്രഥമാധ്യാപകന്‍ എ.ജി.ഷംസുദീന്‍ അറിയിച്ചു. കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന കാഴ്ച വീഡിയോയില്‍ പകര്‍ത്തുകയും അത് സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരേ ചേര്‍ത്തിട്ടുള്ള കുറ്റം. ഇതുസംബന്ധിച്ച്‌ നിയമനടപടിക്കൊരുങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് നീക്കങ്ങള്‍ തുടങ്ങി.വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും പ്രതീകരിച്ചിരുന്നു.

Previous ArticleNext Article