തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററും( എന്‍.ആര്.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്നും യോഗം വ്യക്തമാക്കി.അതുകൊണ്ട് തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ എതിര്‍പ്പും മന്ത്രിസഭാ യോഗം തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ക്ക് ഇന്ന് സര്‍ക്കാര്‍ മറുപടി നല്‍കും.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്കി.ഗവര്‍ണര്‍ എതിര്‍ത്ത ഓര്‍ഡിനന്‍സ്, നിയമസഭയില്‍ ബില്ലായി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ആ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയുമായിരുന്നു.ഗവര്‍ണര്‍ എതിര്‍ത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെയാണ് കരട് ബില്ല് അവതരിപ്പിച്ചതും അംഗീകരിച്ചതും. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരുവട്ടം മാത്രമെ വാര്‍ഡ് വിഭജനം പാടുള്ളുവെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ച വ്യവസ്ഥ. എന്നാല്‍ പഞ്ചായത്ത് രാജ് ആക്ടിലോ മുന്‍സിപ്പാലിറ്റി ആക്ടിലോ ഈ വ്യവസ്ഥയില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണറുടെ വാദങ്ങള്‍ മന്ത്രിസഭാ യോഗം തള്ളിയത്.