ലണ്ടന്‍:ഹാരി രാജകുമാരനും ഭാര്യ മേഗന് മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഉപയോഗിക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവരും ഇനി എലിസബത്ത് രാജ്ഞിയുടെ പ്രതിനിധികളായിരിക്കില്ലെന്നും രാജദമ്പതികളെന്ന രീതിയില്‍ പൊതുപണം ചെലവഴിക്കുന്നത് അവസാനിപ്പിച്ചതായും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു.സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഇരുവരെയും മാറ്റി നിറുത്തി. ഇത് മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം വിന്‍ഡ്സര്‍ കാസിലിന് സമീപം ഇരുവരും താമസിച്ചിരുന്ന ഫ്രോഗ്മോര് കോട്ടേജ് നവീകരിക്കുന്നതിന് ചെലവഴിച്ച പൊതുപണം തിരിച്ചുനല്‍കും. 24 ലക്ഷം പൗണ്ടാണ് (ഏകദേശം 22 കോടി രൂപ ) തിരിച്ചടയ്ക്കുക.മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും, അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി. ‘രണ്ടുവര്‍ഷത്തോളം ഹാരിയും ഭാര്യയും മകനും നേരിട്ട വെല്ലുവിളികളെ താന്‍ അംഗീകരിക്കുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മൂവരും എന്നും രാജകുടുംബത്തിന്റെ പ്രിയപ്പെട്ടവരായിരിക്കും’.അതേസമയം, ഹാരിയുടെയും മേഗന്റെയും കാനഡയിലെ താമസം, സുരക്ഷ, ഫ്രാഞ്ചൈസി ഫീസ്, റോയല്‍റ്റി തുടങ്ങിയ കാര്യങ്ങള്‍ കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന് ദമ്പതികൾ കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനം.’മാസങ്ങളോളം ആലോചിച്ചാണ് തീരുമാനം എടുത്തത്. രാജകീയ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് സാമ്പത്തികമായി സ്വാതന്ത്രരാകാനാണ് തീരുമാനം. ഇനി അമേരിക്കയിലും ബ്രിട്ടനിലുമായി ജീവിതം ചെലവഴിക്കും.മകന് ആര്‍ച്ചിയെ രാജകീയ പാരമ്പര്യത്തിൽ വളര്‍ത്തും.’- ഹാരിയും മേഗനും നേരത്തെ വ്യക്തമാക്കിയിരുന്നു.