മൂന്നാർ:മൂന്നാറില്‍ അതിശൈത്യം.താപനില മൈനസിലേക്ക് താഴ്ന്നു.തണുപ്പ് മൈനസ് ഡിഗ്രി വരെ താഴ്ന്നു. ഇതോടെ മഞ്ഞുപുതച്ച മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി.രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ രേഖപെടുത്തിയ കുറഞ്ഞ താപനില.ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത്.എന്നാല്‍ ഇത്തവണ അതി ശൈത്യമെത്താന്‍ അല്പം വൈകി.അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇളം വെയിലില്‍ ആവി പറക്കുന്ന തടാകങ്ങളും സൂര്യ കിരണങ്ങളേറ്റ് വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്.കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെ എത്തിയിരുന്നു. 85 വര്‍ഷത്തിനു ശേഷമുള്ള കനത്ത തണുപ്പായിരുന്നു കഴിഞ്ഞ വര്‍ഷം മൂന്നാറില്‍ രേഖപ്പെടുത്തിയത്. സാധാരണയായി മൂന്നാറില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന ശൈത്യകാലം ജനുവരി ആദ്യവാരം വരെയാണു നീളുക. എന്നാല്‍ ഈ വര്‍ഷം വൈകിയെത്തിയ ശൈത്യകാലം ഫെബ്രുവരിയിലേക്കു നീളുമെന്ന പ്രതീക്ഷയിലാണു ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.മൂന്നാറിലെ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തുന്നത് . മഞ്ഞു വീഴ്ച ശക്തമായതോടെ പുല്‍മേടുകളിലെ പച്ചപ്പ് നഷ്ടപ്പെട്ടു. കാലാവസ്ഥ മാറ്റം തേയില കൃഷിയേയും ദോഷമായി ബാധിക്കുന്നുണ്ട്. പുലര്‍ച്ചെ മഞ്ഞില്‍ കുളിക്കുന്ന പുല്‍മേടുകള്‍ സൂര്യപ്രകാശത്തില്‍ കരിഞ്ഞുണങ്ങുന്നതാണ് കാരണം. 2018 ഓഗസ്റ്റിലെ പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍നിന്നു മൂന്നാറിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ക്രിസ്മസ്-പുതുവത്സര വെക്കേഷന് ദിവസങ്ങളില്‍ നിരവധി സഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. പുതുവര്‍ഷം ആഘോഷിക്കാന്‍ മാത്രം ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് മൂന്നാറിലെത്തിയത്.